മലയാളി ലോകത്തിലെ തന്നെ അത്‌ഭുതജീവിയാണ്. ലോകത്തെ അത്‌ഭുതപ്പെടുത്താനും, അന്പരപ്പിക്കാനും മലയാളികളുടെ മിടുക്ക് ഒന്നു വേറെ തന്നെയാണ്. ഇംഗ്ലീഷില്‍ മലയാളി സ്വതത്തിനു സമമായവാക്ക് Hipocrat എന്നതായിരിക്കും. എത്ര മിടുക്കോടെയാണ് മലയാളി വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്നത്. ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റുകാരെ ജനാധിപത്യ പരീക്ഷണത്തിലൂടെ അധികാരത്തിലേറ്റിയ മലയാളി അതേ മന്ത്രിസഭയ്ക്കുതന്നെ വിലാപഗാനവും പാടി. ജാതി മത സങ്കുചിതത്വങ്ങള്‍ക്കെതിരെ പട നയിച്ച സാമുദായിക-നവോദ്ധാന പ്രസ്താനങ്ങള്‍ ജാതിയുടെ മൊത്തക്കച്ചവടക്കാരായി. ഇന്ത്യയിലെ മുട്ടന്‍ വര്‍ഗ്ഗീയ സംഘടനയായ ആര്‍.എസ്സ്.എസ്സിനു ഉത്തര പ്രദേശം കഴിഞ്ഞാല്‍ ഏറ്റവും ശാഖകളുള്ളത് കേരളത്തിലാണത്രേ. എന്നിട്ടും ഒരു നിയമസഭാ മണ്ഠലത്തില്‍പോലും അവരുടെ രാഷ്ടീയ സംഘടനയായ ബാ.ജ.പാ യുടെ വിത്ത് കുത്തിമുളപ്പിക്കാന്‍ കഴിഞ്ഞില്ലത്രേ. ഒറീസ്സയില്‍ പരിവാര സംഘം ക്രിസ്ത്യാനികളുടെ നട്ടല്ലൂരി കോലുകളിക്കുന്പോള്‍ ഇവിടെ വിതയത്തിലച്ചനും, അച്ചാരുപറന്പിലച്ചമ്മാരും പരിവാര നേതാവ് കുമ്മനം ജി യുമായി ചായസല്‍കാരവും, ചായ സല്‍ക്കാരം കഴിഞ്ഞ് ഇടതന്‍മാര്‍ക്കിട്ട് പണിയാന്‍ കൂട്ടു മുന്നണി രൂപീകരണ ചര്‍ച്ചയും നടക്കുന്നു. എന്‍റെ അച്ചോ.. ഇതിവിടെയല്ലാതെ വേറെ എവിടെ നടക്കും. പൂണൂല്‍ ഒരു കുരുക്കായി നന്പൂരിയെ വരിഞ്ഞപ്പോള്‍ 'അന്പലങ്ങള്‍ക്കു തീവച്ചിട്ടായാലും' സ്വാതന്ത്രം നേടണമെന്നാഹ്വാനം ചെയ്ത വി.ടി.യുടെ യോഗക്ഷേമ സഭ മാറിയ ആഗോളവത്കരണ സാഹചര്യത്തില്‍ യാഗവും, യജ്ഞവും എങ്ങനെ വിറ്റഴിക്കാമെന്ന് ഗവേഷണം നടത്തുന്നു. പെറാത്ത പെണ്ണുങ്ങള്‍ക്ക് പേറുഭാഗ്യം ഉണ്ടാവാന്‍ നന്പൂതിരി മന്ത്രിച്ച സ്വര്‍ണ്ണമുദ്ര മതിയത്രേ.. സംബന്ധമെന്ന അസംബന്ധത്തിന്‍റെ പേരില്‍ കുറേ കീഴാളപെണ്ണുങ്ങള്‍ക്ക് സന്താനഭാഗ്യം ഉണ്ടാക്കിക്കൊടുത്തവരാണല്ലോ അവര്‍. ബ്രാമണകേന്ദീകൃത ആരാധനാ രീതിയെ വെല്ലുവിളിച്ച് കണ്ണാടിയും, കരിങ്കല്ലും, വെറും ശൂന്യതയും പ്രതിഷ്ടിച്ച് ജാതി വ്യവസ്ഥയ്ക്ക് ഇരുട്ടടി നല്‍കിയ സാക്ഷാല്‍ നാരായണഗുരുദേവന്‍റെ മഞ്ഞപ്പട ഈഴവ ബ്രാഹ്മണ്യം എത്ര സുഖമമായാണ് കേരളത്തില്‍ കൊണ്ടാടുന്നത്.
ഒരു അന്‍വര്‍ റഷീദിന്‍റെയും ലക്ഷ്മീദേവിയുടെയും മകന് ജാതിരഹിതസ്കൂള്‍ പ്രവേശനത്തിനുള്ള മൌലികാവശത്തെപ്പോലും പൊറുപ്പിക്കാന്‍ കഴിയാത്ത അപരാധമായി ജാതി-മത പ്രമാണിമാര്‍ ചിത്രീകരിക്കപ്പെടുന്നു. ഹിന്ദുവിന് ഹിന്ദുവായും, മുസല്‍മാന് മുസല്‍മാനായും, ക്രിസ്ത്യാനിക്ക് ക്രിസ്താനിയായും, ഒരു അവിശ്വാസിക്ക് അവിശ്വാസിയായും നിലനില്‍ക്കുവാന്‍ കഴിയുന്ന ഇന്ത്യയുടെ മതേതരത്വത്തിന്‍റെ ഇടത്തില്‍ അവിശ്വാസിക്കു മാത്രം ഇടം തരില്ലാ എന്നാണ് പാഠപുസ്തക വിവാദത്തിലൂടെ വിശ്വാസത്തിന്‍റെ മേലാളന്‍മാര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ അവരുടെ നിലനില്‍പ്പിനെത്തന്നെ സാധ്യമാക്കിയ ജനാധിപത്യത്തിന്‍റെ ഇടത്തെയാണ് അവര്‍ അക്രമിച്ചത്. മകന്‍ ചത്താലും മരുമകളുടെ കണ്ണീരുകാണാന്‍ കൊതിക്കുന്ന യു.ഡി.എഫ് നേതൃത്വം അവരുടെ തന്നെ ദേശീയ സ്വാതന്ത്ര സമരപൈതൃകം വിസ്മരിച്ച് സങ്കുചിത ശക്തികള്‍ക്കൊപ്പം അണിചേര്‍ന്നു.
കേരള സന്പത് വ്യവസ്ഥ സാന്പത്തിക ഗവേഷണകുതുകികള്‍ക്കെല്ലാം ഇപ്പോഴും ഒരു Miracle ആണത്രേ.. സാന്പത്തിക വളര്‍ച്ചയുടെ സൂചകമായ G.D.P (Groath Domestic Production) അളവുകോലുകൊണ്ട് തൂക്കിയളന്നാല്‍ കേരളം ഒരു മുഴുപഷ്ണിക്കാരുടെ സംസ്ഥാനമായിരിക്കും. എന്നിട്ടും മലയാളികള്‍ കഞ്ഞികുടിക്കുന്നു, ബിരിയാണി തിന്നുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നിക്ഷേപകആനുപാതമുള്ള സംസ്ഥാനമാണത്രേ ഈ കൊച്ചന്‍ കേരളം. ഒരു ഈച്ച പറക്കുന്നതെങ്ങനെയാണെന്ന് എയറോനോട്ടിക് എഞ്ജിനീയറിങ്ങിനു വിശദീകരിക്കുവാന്‍ കഴിയില്ല. അതു പോലൊരു വിസ്മയമാണത്രേ കേരളത്തിന്‍റെ സന്പദ്ഘടന.
ഹിപ്പോക്രസികള്‍ ഇവിടെ അവസാനിക്കുന്നില്ല...
പറയാനുള്ളത് പറഞ്ഞ് നിങ്ങള്‍ക്കും പൂരിപ്പിക്കാം.