ഭക്തിയുടെ പേരില്‍ വിശ്വാസികള്‍ പ്രചരിച്ച കഥകളാകെ മനുഷ്യന്‍റെ സാമാന്യ യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കാതെ തൊണ്ടതൊടാതെ വിഴുങ്ങണമെന്നാണല്ലോ പൌരോഹിത്വം പറയുന്നത്. സത്യാന്വേഷണത്തിനു ഐതിഹ്യങ്ങളെമാത്രം ആശ്രയിച്ചാല്‍ മതിയാവില്ല. കാരണം ഐതിഹ്യങ്ങളുടെ പുറകിലിരിക്കുന്ന മിത്തും യാഥാര്‍ത്യവും തിരിച്ചറിയാന്‍ ഇന്നു കാര്‍ബണ്‍ ഡേറ്റിങ്ങ് പോലെയും, നാണയ വിജ്ഞാനീയം പോലെയും, ശിലാലിഖിതവായനപൊലെയും ശാസ്ത്രീയമായ ഒരുപാട് അന്വേഷണോപാധികള് വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അത് തരുന്ന അറിവുകള്‍കൂടി കണക്കിലെടുത്തിട്ടുപോരെ ഒരു തീര്‍പ്പിലെത്തേണ്ടത്.
ശബരിമലമേല്‍ശാന്തിതന്നെ മകരവിളക്ക് കത്തിക്കുന്നത് കൃത്രിമമയാണു എന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞ ഈ സാഹചര്യത്തില്‍ നമുക്കും ഇത്തിരി യുക്തി ബോധമാവാം. 'ശാസ്താവ്' എന്നത് 'ചാത്തന്‍' 'ചാത്താവ്'എന്നീ പദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്ന ഒരു വാദമുണ്ട്. 'ശാസ്താവ്' എന്നത് ബുദ്ധന്‍റെ പര്യായപദമാണെന്നതിനു രണ്ടു വാദമില്ല. ശാസ്താംകോട്ട, ശാസ്തമംഗലം തുടങ്ങിയ സ്ഥലങ്ങള്‍ ഒരു കാലത്ത് കേരളത്തിലെ പ്ധാനപ്പെട്ട ബുദ്ധമതകേന്ദ്രങ്ങളായിരിന്നു എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. ചാത്തന്‍ ഇന്നും കേരളത്തില് ആരാധിക്കപ്പെടുന്ന ഒരു അവര്‍ണദൈവമാണു.
ഇതില്‍ നിന്ന് ഊഹിച്ചെടുക്കാവുന്ന ഒരുകാര്യം ശിവന്‍, വിഷ്ണു , ഗണപതി തുടങ്ങിയ ആര്യദൈവങ്ങള്‍ (ബ്രാഹ്മണരുടെ തോക്കോട്ടുള്ളവരവിനോടൊപ്പം )കേരളത്തിലെത്തുന്നതിനു മുന്പ് കേരളത്തിലെ തദ്ധേശനിവാസികളില്‍ ഉണ്ടായിരുന്ന മഹായാന ബുദ്ധമതത്തിന്‍റെ സ്വാധീനത്തെയാണു(അവരാണല്ലോ ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്നത്).
കേരളത്തിലെ ഒരു ഗ്രാമീണ ദൈവമായിരുന്ന ശാസ്താവ് (ചാത്തന്‍)പിന്നീട് 'ഹരിഹരപുത്രനായ' ശ്രീ ധര്‍മ്മശാസ്താവ് എങ്ങനെയായെന്ന് കൂടി പൂരിപ്പിച്ചാല്‍ 'അയ്യപ്പന്‍ ബുദ്ധനോ' എന്ന നമ്മുടെ സംശയത്തിനു മറുപടി കിട്ടും.
ഒരു കാലത്ത് ഭാരതത്തില്‍ ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ സംഘര്‍ഷം പോലെ ഏറ്റുമുട്ടിയിരുന്ന രണ്ടു വിഭാഗങ്ങളാണു 'ശൈവരും വൈഷ്ണവരും'(ഹരിയും ഹരനും). ഈ ഏറ്റുമുട്ടലിനു അറുതിവരുത്തുവാന്‍ കഴിഞ്ഞത് കേരളീയ ബ്രാഹ്മണരായ നന്പൂതിരിമാരുടെ ബുദ്ധിയില്‍ നിന്നുദിച്ച ഒരു കാര്യം കൊണ്ടാണു. പരസ്പര വൈരികളായ ഹരി ഹരന്‍മാരെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ഒരു മൂര്‍ത്തിക്കു ജന്മം കൊടുത്തുകൊണ്ടാണു. അതാണു 'ഹരിഹര പുത്രനായ സാക്ഷാല്‍ അയ്യപ്പസ്വാമി'. ഈ മൂര്‍ത്തിയെ ന്യായീകരിക്കുവാന്‍ അവര്‍ രൂപം നല്‍കിയ ആഖ്യാനമാണു നാമിന്നു കേള്‍ക്കുന്ന പാലാഴിമഥനവും മഹാവിഷ്ണുവിന്‍റെ മോഹിനീവേഷവുമെല്ലാം. കേരളത്തിലാണു ആദ്യമായി ഹരിനാരായണ പൂജ തുടങ്ങിയത്.
ശബരിമല മാത്രമല്ല കേരളത്തിലെ മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധ-ജൈന ക്ഷേത്രങ്ങളായിരുന്നു. ബുദ്ധ-ജൈനമതങ്ങളുടെ കാലാനുസാരിയായ തകര്‍ച്ചകൊണ്ടും, ശക്തിമത്തായിതീര്‍ന്ന ബ്രാഹ്മണമേധാവിത്വത്തിന്‍റെ സ്വാധീനത്താലും, ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളുടെ പ്രചരണാര്‍ത്ഥം പ്രാദേശിക ദൈവങ്ങളെ ശിവന്‍റെയോ വിഷ്ണുവിന്‍റെയോ അവതാരങ്ങളാക്കിമാറ്റി തീര്ക്കുന്നതിലൂടെയോ കാലേണ പല അനാര്യ ആരാധനാലയങ്ങളും ആര്യ ദേവാലയങ്ങളായിമാറിയിരിക്കാം.