2008 നവംബർ 6, വ്യാഴാഴ്‌ച

സഭയും കമ്മ്യൂണിസവും

യഹൂദ പൌരോഹിത്വം സര്‍വ്വശക്തനായ ദൈവത്തെ മുന്നില്‍ നിര്‍ത്തി ഭയപ്പെടുത്തി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലാണു യേശുവിന്‍റെ തിരുപ്പിറവി. അദ്ദേഹം അന്നു വരെ നിലവില്‍ നിന്നിരുന്ന മത സിദ്ധാന്തങ്ങളെ തിരുത്തി. ശിക്ഷകനായ ദൈവത്തിനു പകരം യേശു രക്ഷനായ ദൈവത്തെ പ്രതിഷ്ഠിച്ചു. പിതാവും, പുത്രനും, പരിശുദ്ധാത്മാവും (വിശുദ്ധ ത്രയം) തമ്മിലുള്ള ബന്ധം സ്നേഹത്തിന്‍റേതാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഒരു ആശാരിയുടെ മകനായി ജനിച്ച യേശു ചുങ്കക്കാരെയും മുക്കുവരെയും തന്‍റെ ശിഷ്യരായി സ്വീകരിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്‍റെ സുവിശേഷം പ്രചരിപ്പിച്ചു.ആരാധനാലയങ്ങളെ കച്ചവട കേന്ദ്രമാക്കുന്ന പുരോഹിതരെ ചാട്ടവാറുകൊണ്ടടിച്ചു പുറത്താക്കി. സ്വാഭാവികമായും അദ്ദേഹത്തെ പൌരോഹിത്വം ശത്രുവായിക്കണ്ടു. ജനനായകനായ യേശുവിനെ അധികാരവും, ചതിയുമുപയോഗിച്ച് കുരിശിലേറ്റി. ലോകത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം എന്ന് ഇതിനെ വിശേഷിപ്പിക്കാം. എ.ഡി. നാലാം നൂറ്റാണ്ടില്‍ റോമന്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്‍റിനോന്‍ ചക്രവര്‍ത്തി നിയമവിധേയമാക്കുന്നതുവരെ മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലെ കൃസ്തുമതവും ഒരു ഒളിവു മതമായിരുന്നു. ആദ്യകാല കമ്മ്യൂണിസ്സുകാരെ വേട്ടയാടിയ പോലെ ഭരണകൂടം ക്രിസ്താനികളേയും വേട്ടയാടി.രണ്ടും നിലനിന്നത് ദരിദ്ര ജനതയുടെ വിമോചനത്തിനു വേണ്ടിയായിരുന്നു.എന്നാല്‍ കൃസ്തുമത പൌരോഹിത്വം അധികാരവുമായി സന്ധിചെയ്തതിനു ശേഷം അതിന്‍റെ വിമോചന സ്വതം വിസ്മരിച്ചു. അത് സന്പന്നവര്‍ഗ്ഗവുമായും, അധികാരവുമായും സന്ധി ചെയ്തു.ഫ്രഞ്ച് വിപ്ലവത്തിന്‍റെ കാരണങ്ങള്‍ തന്നെ പരിശോധിക്കുക. പ്രഭുത്വവും, പൌരോഹിത്വവും, രാജാധികാരവും സാധാരണജനങ്ങളെ കണ്ണില്‍ചോരയില്ലാതെ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന കലാപമാണത്. ഇനിയുെമത്രയോ ഉദാഹരണങ്ങള്‍ ഈ ബ്ലോഗെഴുതുന്ന ആള്ക്ക് തരുവാന്‍ കഴിയും. ശാസ്ത്രത്തിനും, സാമൂഹ്യപുരോഗതിക്കും നേരെ ഒരു അന്ധനേപ്പോലെ സഭ കണ്ണടച്ചു. നിരവധി ശാസ്ത്ര പ്രതിഭകളെ അത് കാലപുരിക്കയച്ചു.കേരളത്തിലെ പൌരോഹിത്വവും ഇപ്പോള്‍ ആ വഴിക്കു തന്നെയാണു നീങ്ങുന്നത്. പുട്ടില്‍ തേങ്ങചേര്‍ക്കുന്നതുപോലെ യേശു നാമം അത്ഇടക്കിടക്ക് ഉരുവിടുന്നുണ്ടെങ്കിലും പ്രധാന പ്രശ്നം മതമോ, മതമൂല്യങ്ങളോ അല്ല. സ്ഥാപനവല്‍കരിക്കപ്പെട്ട കൃസ്തുമതത്തിന്‍റെ വ്യാവസായിക വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണു. അതിനേറ്റവും വിഘാതമായി നില്‍ക്കുന്നത് കേരളത്തിലെ ഇടതുപക്ഷപൊതുബോധമാണു. സ്വാശ്രയ സ്ഥാപനങ്ങളോടുള്ള വെറുപ്പ് കേവലം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളായല്ല, ദരിദ്രനു വിദ്യാഭ്യാസം നിഷേധിക്കുന്ന പുത്തന്‍ ചാതുര്‍വര്‍ണ്യത്തോടുള്ള വെറുപ്പായാണു കേരളീയസമൂഹം ഉള്‍ക്കൊണ്ടിരിക്കുന്നത്. ബഹുഭൂരിപക്ഷം ദൈവവിശ്വാസികളും ന്യൂനപക്ഷം വരുന്ന അല്ലാത്തവരുമായ കേരളീയ പൊതു സമൂഹത്തിന്‍റെ സമ്മതികൊണ്ടാണു ഇടതുപക്ഷം കേരളത്തില്‍ അധികാത്തിലേറിയിരിക്കുന്നത്. ആ ജനാധിപത്യഗവര്‍മെന്‍റിനെതിരെയാണു 'നിരീശ്വരവാദമെന്ന' പഴയ ഉണ്ടയില്ലാവെടി വീണ്ടും പൊട്ടിക്കുന്നത്. 57 ലെ ഇ.എം.എസ് ഗവര്‍മെന്‍റ് ഭൂപരിഷ്കരണവും, കുടിയായ്മാ നിയമവും പാസ്സാക്കി കര്‍ഷകത്തൊഴിലാളികളുടെ ചോരയൂറിറിക്കുടിച്ചിരുന്ന ജന്‍മി വര്‍ഗ്ഗത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴും, സമഗ്ര വിദ്യാഭ്യാസ പരിഷ്കരണം വഴി എല്ലാവര്‍ക്കും സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴും, കോണ്‍ഗ്രസ്സിനും മറ്റു സാമുദായിക പ്രമാണിമാരുടെയും കൂടെ ഈ ഉണ്ടയില്ലാവെടിയുമായി സഭാ മേധാവികളും ഉണ്ടായിരുന്നു. മാര്ക്സിസവും കൃസ്തുമതവും തമ്മിലുള്ള സംവാദത്തിനു പ്രധാനമായും തടസ്സം നില്‍ക്കുന്നത് നല്ലൊരു വിഭാഗം പുരോഹിതര്‍ക്കുമുള്ള മാര്‍ക്സിലുള്ള അജ്ഞതയാണു. മാര്‍ക്സിസത്തെ അവര്‍ ഒരു കേവല നിരീശ്യരവാദ പ്രത്യയശാസ്ത്രമായി കാണുന്നു. അല്ലെങ്കില്‍ സഭാ നേതൃത്വം അങ്ങനെയാണു പ്രചരിക്കുന്നത്. (അപവാദങ്ങള്‍ ഏറെയുണ്ട്. ഉദാ: ബിഷപ്പ് പൌലോസ് മാര്‍ പൌലോസ്, പൌലോസ് മാര്‍ ഗ്രിഗോറിയസ്സ്, മാര്‍ ഒസ്താത്തിയോസ്, ഫാ.എസ്. കാപ്പന്‍)എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണു. മാര്‍ക്സിസത്തിന്‍റെ അടിസ്ഥാമലക്ഷ്യം ഈശ്വരനെ നിഷേധിക്കുക എന്നതാണോ? കേവല ഈശ്വരനിഷേധ സിദ്ധാന്തങ്ങളെ യുക്തിവാദം, നിരീശ്വര വാദം എന്നൊക്കെയാണു പറയുക. എന്നാല്‍ ഇത്തരത്തിലുള്ള യാന്ത്രിക ഭൌതികവാദ ചിന്താഗതിയ്ക്കപ്പുറത്ത് മാര്‍ക്സിസം വിശ്വാസികളും, അവിശ്വാസികളുമായ തൊഴിലാളികളെ സംഘടിപ്പിച്ച് വര്‍ഗ്ഗസമരത്തിലൂടെ മുതലാളിത്ത ഭരണകൂടത്തിനുപകരം സോഷ്യലിസ്റ്റ് വര്‍ഗ്ഗരഹിത സമൂഹം സൃഷ്ടിക്കുന്നു. (ചുരുക്കിപ്പറഞ്ഞാല്‍ മതത്തെ എതിര്‍ക്കലല്ല മാര്‍ക്സിസത്തില്‍റെ പണി.സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കുക എന്നതാണു.) 'മതങ്ങള്‍ പരലോകത്തില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്പോള്‍ മാര്‍ക്സിസം ഇഹലോകത്തില്‍ സ്വര്‍ഗ്ഗം നിര്‍മ്മിക്കുന്നു'. ഈ ലോകത്തെ സ്വര്‍ഗ്ഗതുല്യമാക്കണമെങ്കില്‍ ഈ ലോകം എന്താണെന്ന്ആദ്യം അറിയേണ്ടതുണ്ട്. അതിനുള്ള വിപ്ലകാരികളുടെ ഉപാധിയാണു വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നറിയാന്‍ ദൈവശാസ്ത്രത്തെക്കാള്‍ ഉപകരിക്കുക ഭൌതികശാസ്ത്രമാണല്ലോ. അതുപോലെ സമൂഹത്തിന്‍റെയും, പ്രപഞ്ചത്തിന്‍റെയും വികാസ പരിണാമ നിയമങ്ങള്‍ മനസ്സിലാക്കാനുള്ള ശാസ്തമാണു മാര്‍ക്സിസം. അതുകൊണ്ടു തന്നെയാണു സാമൂഹ്യമുന്നേറ്റത്തില്‍ കൃസ്തുമതത്തിന്‍റെ ചരിത്ര പരമായ പങ്ക് വസ്തു നിഷ്ഠമായി മനസ്സിലാക്കാന്‍ എംഗല്‍സിനു കഴിയുന്നതും.നിരീശ്വര വാദത്തിന്‍റെ പട്ടിയിലുള്‍പ്പെടുത്തി ഊരു വിലക്കാനാണെങ്ങില്‍ ആധുനിക ഭൌതികസാസ്ത്രത്തെയും അതുല്‍പാദിപ്പിച്ചു തന്ന അനേക ലക്ഷം ഉത്പന്നങ്ങളെയുമാണു പൌരോഹിത്വം ഊരുവിലക്കേണ്ടത്. ലൌകികസുഖങ്ങളനുഭവിച്ച് സസുഖം വാഴുന്ന പൌരോഹിത്വത്തിനു പണ്ടത്തെപ്പോലെ ആധുനിക ശാസ്ത്രത്തിനു നേരേ മെക്കിട്ടു കയറാനുള്ള ധൈര്യമില്ല.ചിലിയിലെ പാര്‍ലമെന്‍റില്‍ ഒരു വശത്ത് മാര്‍ക്സിന്‍റെയും, മറുവശത്ത് ജീസസ്സിന്‍റെയും വലിയ ചിത്രങ്ങള്‍ പതിച്ചു വച്ചിരിക്കുന്നതായി കേട്ടിട്ടുണ്ട്. സാമൂഹിക അസമത്വങ്ങള്‍ക്കും, സാമ്രാജ്യത്വത്തിനുമെതിരെ ലാറ്റിനമേരിക്കയയിലും ആഫ്രിക്കയിലുമെല്ലാം കമ്മ്യൂണിസ്റ്റുകാരും, കൃസ്ത്യാനികളും തോളോടുതോളുരുമ്മി പോരാടുന്പോള്‍ കേരളത്തിലെ പൌരോഹിത്വം കൃസ്താനികളുള്‍പ്പെടെ ന്യൂനപക്ഷത്തി്‍ന്‍റെ അസ്ഥിത്വത്തിന്‍റെ ആണിക്കല്ലിളക്കുന്ന സംഘപരിവാര്‍ നേതാക്കളുമായി ഒത്തുചേര്‍ന്ന് മതേരത്വം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും വിലമതിക്കാതെ കലാപഭൂമികളിലെത്താറുള്ള ഇടതു പക്ഷത്തിനെതിരെ കുരിശുയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണു.വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ. സഖ്യം അധികാരത്തിലേറാനുളള സാധ്യത മുന്നില്‍ കണ്ടാണു സഭ ഇത്തരമൊരു ചങ്ങാത്തത്തിനു ഒരുങ്ങിയത്. ആരു ഭരിച്ചാലും വിദേശത്തു നിന്നു വരുന്ന ഫണ്ടുകള് തടസ്സമില്ലാതെ എത്തേണ്ടിടത്ത് എത്താനാണു ആട്ടിടയന്‍മാര്‍ സംഘപരിവാറുമായി പുതിയ ചങ്ങാത്തത്തിനൊരുങ്ങുന്നത്. ബാംഗ്ളൂരില്‍ ഒറീസ്സ അക്രമണത്തെ അപലപിച്ച് കൃസതീയ സഭകളുടെ നേതൃത്വത്തില്‍ നടന്ന റാലിയെ അഭിസംബോധനചെയ്തു സംസാരിച്ചത് ബൃന്ദകാരാട്ടാണെന്നതുകൂടി ഇവിടെ കൂടി ഇവിടെ കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.

2008 നവംബർ 4, ചൊവ്വാഴ്ച

ഭാരതീയ ദര്‍ശനം: ആത്മീയമോ ഭൌതികമോ?

ഭാരതീയ തത്ത്വചിന്തയെന്നാല്‍ ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് കാവിയണിഞ്ഞ മഹര്ഷിമാരുടെ ചിത്രമായിരിക്കും. കാരണം ഭാരതത്തെ അദ്ധ്യാല്‍മചിന്തയുടെ കളിത്തൊട്ടിലായിട്ടാണല്ലോ ലോകം കാണുന്നത്. എന്നാല്‍ സത്യമെന്താണു?. ഭാരതീയ തത്വചിന്തയിലെ പ്രമുഖ ചിന്താധാരകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ മാത്രമേ ഇതിനൊരു ഉത്തരം കാണുവാന്‍ കഴിയൂ.
താഴെ പറയുന്നവയാണു ഭാരതത്തിലെ പ്രമുഖ ദര്‍ശനങ്ങള്‍.
1. ചാര്‍വാകം
2. സാംഖ്യം
3. ന്യായ വൈശേഷികം
4. യോഗം
5. മീമാംസ
6. വേദാന്തം
7. ബൌദ്ധം
8. ജൈനം

ദര്‍ശനത്തിന്‍റെ മൌലിക പ്രശ്നം
ദൈവമാണോ പ്രപഞ്ചത്തിന്‍റെ സൃഷ്ടാവ്, ആണെങ്കില്‍ ദൈവത്തിന്‍റെ സൃഷ്ടാവാര്ു? പ്രപഞ്ചമെന്നത് വെറും തോന്നലാണോ(മായ)? പ്രപഞ്ചത്തെ അറിയുവാന്‍ മനുഷ്യനു സാധ്യമല്ലേ? പ്രപഞ്ചം എന്തുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്?

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മനുഷ്യന്‍ അവനു ബുദ്ധി വികാസം നേടിയ കാലം മുതല്‍ ചോദിച്ചിട്ടുണ്ടായിരുന്നു.
ആത്മാവിന്‍റെയും ദൈവത്തിന്‍റെയും അസ്ഥിത്വത്തെ അംഗീകരിക്കുന്നതോ, അംഗീകരിക്കാത്തതോ എന്ന അര്‍ത്ഥത്തില് ഈ ചിന്താധാരകളെ ആസ്തികം, നാസ്തികം എന്ന് രണ്ടായി തരം തിരിക്കാം. ആസ്തികമെന്നാല്‍ ദൈവാസ്തിത്വത്തെ അംഗീകരിക്കുന്നതും, നാസ്തികമെന്നാല്‍ നിഷേധിക്കുന്നതുമാകുന്നു. മേല്‍ പറഞ്ഞ ദര്‍ശനങ്ങളില്‍ മീമാംസയും വേദാന്തവുമൊഴിച്ച് എല്ലാ ദര്‍ശനങ്ങളും ആദ്യകാലങ്ങളില്‍ ദൈവത്തിന്‍റെയും, ആത്മാവിന്‍റെയും അസ്ഥിത്വം അംഗീകരിക്കാത്തതാണു.
ആ അര്‍ത്ഥത്തില്‍ അവയെല്ലാം തന്നെ നാസ്തിക ദര്‍ശനങ്ങളാണു.
ഒരു കാലത്ത് ഭാരതത്തില് ശക്തമായിരുന്ന ഭൌതികവാദ ചിന്താധാരയെയാണു ഇതു കാണിക്കുന്നത്.എന്നാല്‍ ചാര്‍വാകവും, ബൌദ്ധ, ജൈനദര്‍ശനങ്ങളുമൊഴിച്ച് മറ്റെല്ലാ ദര്‍ശനങ്ങളും പില്‍ക്കാലത്ത് വൈദിക സ്വാധിനത്തിന്‍റെ ഫലമായി കാലാന്തരേണ ആശയവാദ ദര്‍ശനങ്ങളായി രൂപപ്പെട്ടു.
ചാര്‍വാകം(ലോകായതം)
പ്രപഞ്ചമെന്നത് പഞ്ചഭൂതങ്ങളാല്‍ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിക്കപ്പെട്ടതാണെന്ന് ചാര്‍വാകന്‍മാര്‍ തീര്‍ത്തു പറഞ്ഞു. ലോകായതം ജീവിതത്തെ മാത്രം ആണ്‌ ഉദ്ദേശിക്കുന്നത്‌. ജീവിതം മാത്രമാണ്‌ നമുക്കുള്ളതെന്നും. പുനര്‍ജന്മം, നരകം, സ്വര്‍ഗ്ഗം, പ്രേതങ്ങള്‍ എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്നു, വൈദിക കര്‍മ്മങ്ങള്‍ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ലോകായതം പഠിപ്പിക്കുന്നു.
ലോകായതം കറകളഞ്ഞ ഭൗതികവാമാണ്‌ എന്ന് പറയാം. ആശയവാദമെന്ന നിലയില്‍ ഉള്ള ദര്‍ശനങ്ങെളെ മതാധിഷ്ഠിതത്വം, വിശുദ്ധഗ്രന്ഥവിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ അതിന്റെ എല്ലാ അനുബന്ധങ്ങളോടു കൂടി നിരാകരിക്കുന്നു. ധര്‍മ്മശാസ്ത്രകാരന്മാരുടെ എതിര്‍പ്പുകളും ഭീഷണികളും ലോകായതര്‍ നേരിടുന്നുണ്ട്. വേദങ്ങളുടെ വിശുദ്ധ പരിവേഷത്തേയും അതിന്റെ പേരില്‍ വിശ്വാസത്തിനുവേണ്ടിയുള്ള എല്ലാ ന്യായവാദങ്ങളേയും അവര്‍ തുറന്ന് എതിക്കുന്നു. ഇതെല്ലാം ബ്രാഹ്മണ പുരോഹിതന്മാരുടെ സൂത്രപ്പണികളാണ്‌ എന്നാണ്‌ അവരുടെ മതം. അതിനു പിന്നില്‍ ചൂഷണം മാത്രമാണ്‌ ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം സൂക്ഷ്മമായ താര്‍ക്കിക യുക്തിയുടെ പിന്‍ബലത്താലല്ല, മറിച്ച് പ്രാകൃതമായ യുക്തിമാത്രമാണ്‌ പിന്‍ബലമായി അവര്‍ സ്വീകരിക്കുന്നത്. ചിലവാദങ്ങള്‍ താഴെ കൊടുക്കുന്നു
യജ്ഞത്തില്‍ മൃഗത്തെ കൊല്ലുന്നതുകൊണ്ട് ആ മൃഗത്തിന്‌ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ വേദികള്‍ വാദിക്കുന്നത്, എങ്കില്‍ സ്വന്തം പിതാവിനെ കൊന്ന് എന്തുകൊണ്ട് അദ്ദേഹത്തിന്‌ സ്വര്‍ഗ്ഗപ്രാപ്തി നല്‍കുന്നില്ല എന്ന്‍ അവര്‍ ചോദിക്കുന്നു. അങ്ങനെ ചെയ്യാത്തത് മൃഗത്തിന്‌ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുവാനായല്ല മറിച്ച് ബ്രാഹ്മണ പുരോഹിതന്മാര്‍ക്ക് വല്ലപ്പോഴും മാംസം രുചിക്കാനായി മാത്രമാണെന്നും അവര്‍ സ്ഥാപിക്കുന്നു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി....

FEEDJIT Live Page Popularity