അറയ്ക്കല്‍ പറന്പില്‍ കുര്യന്‍ മകന്‍ ആന്‍റണിയെ അറിയില്ലേ...? എങ്ങനെ അറിയാതിരിക്കും. ബഹുകേമന്‍, ആദര്‍ശത്തിന് കയ്യും കാലും മുളച്ച് അതിനൊരു പേരും
കൊടുത്ത് ഭൂമിമലയാളത്തിലോട്ടു സാക്ഷാല്‍ ഉടയ തന്പുരാന്‍ ഇറക്കിവിട്ട മഹാനുഭാവന്‍, വീരാദിവീരന്‍...
മനോരമ ബാലജനസഖ്യത്തിലൂടെ പിച്ചവച്ചു നടന്നു. പലതും പഠിച്ചു. ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയായ്മാനിയമവും, ഭൂപരിഷ്കരണവും, വിദ്യാഭ്യാസ പരിഷ്കരണവുമൊക്കെ കൊണ്ടുവന്ന് ജന്മിത്തത്തിന്‍റെ കടയ്ക്കല്‍ കത്തിവച്ചപ്പോള്‍ യഥാ, യഥാഹി... എന്നു പറഞ്ഞതുപോലെ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഈ ദിവ്യപുരുഷന്‍ അവതരിച്ചു. തിരു അവതാരമല്ലേ, ശത്രു സംഹാരത്തിന് എന്തൊക്കെയാണ് ചെയ്തു കൂടാത്തത്.
ബസ്സിനു കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സകലമാന ലീലകളും കേരളത്തില്‍ തുടങ്ങിവച്ചത് വിമോചന സമരക്കാലത്ത് പടച്ചു വിട്ട വലതു വിദ്യാര്‍ത്ഥി സംഘടനകളായത് യാദൃശ്ചികമല്ല. മറവി നിങ്ങളെ കാലത്തിന്‍റെ മുന്നില്‍ കുറ്റവാളിയാക്കില്ലെങ്കില്‍ ഓര്‍ക്കുക. ഇന്ന് വിദ്യാര്‍ത്ഥി രാഷ്ടീയത്തിനെതിരെ പടപ്പാട്ടു പാടുന്ന നല്ല സമരിയാക്കാരാണ് ഈ വക ലീലാവിനോദങ്ങളുടെയെല്ലാം തലതൊട്ടപ്പന്‍മാര്‍.. ഇന്നവര്‍ക്ക് കോടികള്‍ കൊയ്യുന്ന വിദ്യാഭ്യാസ മീങ്കച്ചവടത്തിന് എതിരു നില്‍ക്കുന്നവരെയെല്ലാം ഫ്ലാറ്റാക്കണം. അതിനാണല്ലോ വിദ്യാര്‍ത്ഥി രാഷ്ട്രീയം സാത്താന്‍റെ വേലയാണെന്നൊക്കെ വേലയിറക്കി നടക്കുന്നത്. നമ്മുടെ ആന്‍റണിയുടെ അവതാര ദൌത്യം അവിടെ തുടങ്ങി.
വിശന്നു പൊരിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ചോറ്റു പാത്രത്തിലെ ഇത്തിരി ചോറു കട്ടു തിന്ന അദ്ധ്യാപകരുടെ വര്‍ഗ്ഗം മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലോടു കൂടി ഇല്ലാതായി. മാനേജ്മെന്‍റിന്‍റെ വാലാട്ടിപ്പട്ടികളല്ല അധ്യാപകര്‍ എന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി പത്താം തരം വരെ സമഗ്രവും സൌജന്യവുമായ വിദ്യാഭ്യാസം അത് പ്രഥാനം ചെയ്തു. അപ്പോള്‍ " മുണ്ടശ്ശേരിടെ മണ്ടേലെന്താ, ചകിരിച്ചോറോ പിണ്ണാക്കോ" എന്ന് അണികള്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തുകൊണ്ട് ജാഥയുടെ മുന്നറ്റത്ത് നമ്മുടെ ആദര്‍ശ ധീരന്‍ ആന്‍റണിയുണ്ടായിരുന്നു. കേരളത്തിലെ വലതുപക്ഷനേതാക്കളുടെ താരോദയത്തിനു തുടക്കം കുറിച്ച 'ഒരണ സമര'മെന്ന കുപ്രസിദ്ധമായ സമരത്തിനെക്കുറിച്ച് മുന്‍ കോണ്‍ഗ്രസ്സുകാരനായ ടി.കെ. ഹംസ പറയുന്നതു ശ്രധ്ധിക്കൂ: "അന്നുവരെ സജീവ രാഷ്ട്രീയത്തിലൊന്നും ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ പടല പടലയായി റോഡിലിറങ്ങി. പ്രതിപക്ഷ നേതാക്കളും സ്കൂള്‍ മാനേജ്മെന്റും ഗൂഢാലോചന നടത്തി, സ്കൂളുകളും കോളേജുകളും അടച്ച് കുട്ടികള്‍ക്ക് സമരം ചെയ്യാന്‍ സൌകര്യപ്പെടുത്തി.
വിദ്യാര്‍ഥികള്‍ക്ക് സമരത്തിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല. അന്ന് തെക്കന്‍ കേരളത്തില്‍ വിദ്യാര്‍ഥികള്‍ അധികവും സഞ്ചരിച്ചിരുന്നത് കായല്‍ മാര്‍ഗം ബോട്ടുകളിലായിരുന്നു. അനാഥമായി കിടന്നിരുന്ന ബോട്ടുകളെ ഒന്നിപ്പിച്ച് ഒരു 'ബോട്ട് കോര്‍പറേഷന്‍' രൂപീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി ആരംഭിച്ചു. ആ ശ്രമം വിദ്യാര്‍ഥികള്‍ക്ക് ഹാനികരമാണെന്നും അവര്‍ക്കുണ്ടായിരുന്ന ആനുകൂല്യം നഷ്ടപ്പെടുമെന്നും പ്രചരിപ്പിച്ചാണ് കുട്ടികളെ തെരുവിലിറക്കിയത്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാന്‍ 'ഒരണ' കൊടുത്താല്‍ മതിയായിരുന്നു. ബോട്ട് കോര്‍പറേഷന്‍ വന്നാല്‍ ഈ ആനുകൂല്യം നഷ്ടപ്പെടും എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കുട്ടികളെ സമരത്തിനിറക്കിയത്. ആ സമരത്തിന്റെ പേരാണ് "ഒരണസമരം''. കുട്ടികള്‍ സര്‍ക്കാര്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞു, സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്തു. ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു ലാത്തിയടി ഏറ്റുവാങ്ങി, അറസ്റ്റ് വരിച്ച് ജയിലില്‍ കിടന്നു. കുറേ കുട്ടികളെ വഴിയാധാരമാക്കി, അവസാനം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കിട്ടി എന്ന പേരില്‍ സമരം അവസാനിപ്പിച്ചു. ഇതിന്റെ ചുക്കാന്‍പിടിച്ച വിദ്യാര്‍ഥിനേതാക്കള്‍ പി എം മുഹമ്മദാലി,
വയലാര്‍ രവി, എ കെ ആന്റണി മുതലായവരായിരുന്നു."
കേരളത്തിലെ വലതുപക്ഷത്തിന്‍റെ പരിശുദ്ധനേതാവ് (മനോരമാധി "മ" കള്‍ വളരെ ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്തതാണ് ഈ തിരുവസ്ത്രം. അതിന്‍റെ പിന്നിലെ ചതികള്‍ അറിയുന്പോഴാണ് നാം കേരളത്തിന്‍റെ ഇടര്‍ച്ചകളെ തിരിച്ചറിയാറാകുന്നത് ) എന്ന മേലങ്കി കിട്ടുന്നതു വരെയുള്ള എ കെ ആന്റണി യാത്ര ചരിത്രപരമായ ഒരു പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
കേരളത്തില്‍ ഇന്ന് ലാഭകരമായ മൂന്നു കച്ചവടങ്ങളാണ് 'മദ്യം', 'വിദ്യ', 'വൈദ്യം'. മൂന്നു 'ദ'കള്‍ എന്നു ചുരുക്കിപ്പറയാം. ഈ മൂന്നു 'ദ' കളും എ.കെ. ആന്‍റണിയും
കേരളവും തമ്മിലുള്ള ബന്ധം ഒന്നു ആലോചനാ വിഷയമാക്കാം.
മദ്യം: 1996 ഏപ്രില്‍ ഒന്ന് ലോകവിഡ്ഠിദിനത്തിനാണ് ശ്രീമാന്‍.എ.കെ. അന്തോണി ചാരായ നിരോധനം നടപ്പിലാക്കിയത്. അന്ന് വിദേശമദ്യത്തിന് ഇന്നത്തെപോലെ മാര്‍ക്കറ്റുണ്ടായിരുന്നില്ല. പാവപ്പെട്ട തൊഴിലാളികളാണ് ചാരായത്തിന്‍റെ ഉപഭോക്താക്കള്‍. അന്നത്തെക്കാലത്ത് ശരാശരി നൂറ്റന്പത് രൂപ കൂലികിട്ടുന്ന ഒരു തൊഴിലാളി ശാരീരികാദ്ധ്വാനത്തിന്‍റെ ക്ഷീണം മറക്കാന്‍ വീടണയും മുന്‍പ് അന്തിക്കിത്തിരി മോന്തും. കഷ്ടി 30 രൂപയേ ചെലവു വരികയുമുള്ളൂ. ബാക്കി അരിയും വീട്ടു സാധനങ്ങളും വാങ്ങാന്‍ കെട്ടിയവളുമാരുടെ കൈയിലെത്തിയിരുന്നു. ചാരായ നിരോധനത്തിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 200% നികുതിയും വര്‍ദ്ധിപ്പിച്ചു. ഫലത്തിലെന്താണുണ്ടായത് നാടന്‍ ചാരായം കിട്ടാനില്ല. വിപണിയില്‍ ഉള്ള വിദേശമദ്യത്തിന് ഇരട്ടി വിലയും. മദ്യാസക്തിയുള്ളവര്‍ക്ക് അത് ജീവിത ചക്രത്തിന്‍റെ ഭാഗമായവര്‍ക്ക് മദ്യമില്ലാതിരിക്കാനാവില്ല എന്ന ലളിതമായ സത്യം ആര്‍ക്കറിഞ്ഞില്ലെങ്കിലും ആന്‍റണിയ്ക്കും ആന്‍റണിയുടെ പിന്നിലുള്ള വിദേശ മദ്യലോബിക്കും നന്നായറിയാം. 20 രൂപയുടെ ചാരായം കുടിച്ചിരുന്ന തൊഴിലാളി പ്രതിദിനം 100 രൂപ മദ്യത്തിനു വേണ്ടി ചിലവഴിക്കുവാന്‍ തുടങ്ങി. വീട്ടില്‍ 50രൂപ എത്തിയാലായി, ഇല്ലെങ്കിലില്ല. ആന്‍റണി പുണ്യവാളന്‍റെ സദ്പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചിരുന്ന വീട്ടമ്മമാരെക്കെ പുളിച്ചതെറി പറയാന്‍ തുടങ്ങി.
വേറൊരു മാറ്റം കൂടി സംഭവിച്ചു. അക്കാലങ്ങളില്‍ യുവാക്കളില്‍ മദ്യപാനശീലം വളരെക്കുറവായിരുന്നു. കാരണം ചാരായഷാപ്പില്‍ കയറി നൂറുചാരായവും ഒരു മീന്‍തല വറുത്തതുമൊക്കെ കഴിക്കുന്നതിന് ഒരു സാമൂഹ്യമാന്യത നഷ്യപ്പെടുന്ന പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ ചാരായഷാപ്പിന് കിട്ടാത്ത ഒരു ആഢ്യത്വം ബാറിനുണ്ട്.
ബാറില്‍പോയത് ആരെങ്കിലും കണ്ടാല്‍ "വെറുതെ ഒരു ബിയറടിക്കാന്‍ പോയതാണെന്നു" പറയാം. ചാരായഷാപ്പില്‍ കയറിയാല്‍ അതു നടക്കില്ലല്ലോ? അമേരിക്കയില്‍ മദ്യ നിരോധനം നടപ്പിലായതുകൊണ്ട് സംഭവിച്ചത്, മദ്യനിരോധനത്തിന് മുന്‍പ് കുടിച്ചിരുന്ന മദ്യത്തിന്‍റെ പത്തിരട്ടി കൂടുതല്‍ മദ്യവില്‍പ്പനയാണ്.
മദ്യത്തിന്‍റെ അസംസ്കൃത പദാര്‍ത്ഥമായ മുന്തിരിയുടെ ഉദ്പാദനം ആറിരട്ടി വര്‍ദ്ധിച്ചു. മദ്യമാഫിയ എന്ന വാക്കു തന്നെയുണ്ടായത് ഈ നിരോധനത്തിന്‍റെ കാലഘട്ടത്തിലാണ്. അമേരിക്കയുടെ നെടുകേയും കുറുകെയും പച്ചവെള്ളം പോലെ മദ്യം വഹിച്ചുകൊണ്ടുപോവുന്ന അനധികൃത പൈപ്പു ശൃംഘല വരെ ഉണ്ടായിരുന്നത്രെ!!
പലരും വിചാരിക്കുന്നതു പോലെ പത്തു വോട്ടു കിട്ടാന്‍ മാത്രമായിരുന്നില്ല, അന്നത്തെ ചാരായ നിരോധനം. ആ തിരക്കഥക്കു പിന്നില്‍ മദ്യമാഫിയ തയ്യാറാക്കിയ ഒരു
വണ്‍ലൈനുണ്ട്. അതിന്‍റെ ദൂരവ്യാപക ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. കേരളം; മദ്യദൈവത്തിന്‍റെ സ്വന്തം നാടായത് എന്തുകൊണ്ടാണെന്ന്പണിയും തൊരവുമില്ലാതെ നടക്കുന്ന സാമൂഹ്യ ചരിത്രകാരന്‍മാര്‍ ഇനി അന്വേഷിക്കട്ടെ.
വിദ്യ: പൊതു വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ വളരെയേറെ മുന്നിലാണെന്നുമാത്രമല്ല. ജപ്പാന്‍, അമേരിക്ക തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍ക്കു തുല്യമാണ്. വിദ്യാഭ്യാസ പരിഷ്കരണ ബില്ലും സാമൂഹിക നീതി നടപ്പിലാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചതുകൊണ്ടാണിത്. വിദ്യാഭ്യാസ കച്ചവടത്തിനിട്ട മൂക്കയര്‍ അഴിച്ച് ഈ കാളക്കൂറ്റന്‍മാരെ മേയാന്‍ വിട്ടതില്‍ ആന്‍റണിയോളം പങ്ക് മറ്റാര്‍ക്കുമില്ല. എന്തൊക്കെയായിരുന്നു പുണ്യാളന്‍റെ വാഗ്ദാനങ്ങള്‍.
ഒരു ബിസ്കറ്റിന്‍റെ പേരുപോലെ 50:50, പാവപ്പെട്ടവന് 50, പണക്കാരന് 50, 50%+50%=100, വിദ്യാഭ്യാസ മീങ്കച്ചവടക്കാര്‍ രണ്ട് എഞ്ചിനീയറിങ്ങ് കോളേജോ, രണ്ട് മെഡിക്കല്‍ കോളേജോ തുടങ്ങുന്പോള്‍ ഫലത്തില്‍ പാവപ്പെട്ടവന് ഒരു കോളേജ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നയാപ്പൈസ മുടക്കാനില്ലാത്ത സംസ്ഥാന സര്‍ക്കാറിന് ഇതില്‍പ്പരം ആശ്വാസം എന്താണുള്ളത്. നടക്കട്ടെ ഇവിടെയും കച്ചവടം. അന്യസംസ്ഥാനക്കാര്‍ ഇനി അങ്ങനെ തിന്നണ്ട. തിന്നാന്‍ ഇവിടുള്ള ജാതി-മത കച്ചോടക്കാരുണ്ട്. പറഞ്ഞു തീര്‍ന്നില്ല. അതിനുമുന്‍പ് കൊടുക്കാവുന്നവര്‍ക്കൊക്കെ കൊടുത്തു. വീതം വച്ചതില്‍ പക്ഷഭേദമുണ്ടെന്നു പറഞ്ഞായി സമുദായ കച്ചോടക്കാര്‍ തമ്മില്‍ കടിപിടി.
ഏതു മന്ധബുദ്ധി വേണമെങ്കിലും കട്ടോ മോഷ്ടിച്ചോ കാശുണ്ടാക്കി വിദ്യാഭ്യാസകച്ചോടക്കാരുടെ അണ്ണാക്കില്‍ തിരുകില്‍ ഡോക്ടറോ എന്‍ജിനീയറോ ആയിക്കോട്ടെ, എന്‍ജിനീയര്‍മാരായി സിമന്‍റും കന്പിയും കട്ട് കാശു തിരിച്ചു പിടിച്ചോട്ടെ. ഡോക്ടര്‍മാര്‍ പാവപ്പെട്ടരോഗികളെ ഇല്ലാത്ത മരുന്നു തീറ്റിച്ചും മറ്റും കുത്തുപാളയെടുപ്പിച്ചോട്ടെ. . എങ്കിലും പാവപ്പെട്ടവന് 50% സീറ്റുണ്ടല്ലോ!! ആനന്ദലബ്ധിക്കിനിയെന്തു വേണം. എവിടെ ആ അന്പതു ശതമാനം. ഈ ആന്‍റണി ഒരു
സിഗരറ്റു പേക്കറ്റിന്‍റെ കവറിലെങ്കിലും 50% സീറ്റ് പാവപ്പെട്ടവനു കൊടുക്കാമെന്ന ഒരു ഉറപ്പ് എഴുതിവാങ്ങണ്ടെ... ഇല്ല. അതു ചെയ്തില്ല. അതു ചെയ്യുകയുമില്ല. അതാണ് അപ്പോസ്തല പ്രവൃത്തി.
അന്പതു ശതമാനം സീറ്റ് പാവപ്പട്ടവനാണെന്ന് പറഞ്ഞ് കഷ്ടപ്പെട്ടു പഠിച്ച് മെറിറ്റില്‍ കയറിവരൊര്‍ക്കൊന്നും സീറ്റില്ല. സര്‍ക്കാരുമായി അങ്ങിനെയൊരു കരാറുണ്ടെങ്കിലല്ലേ ഏതു കോടതിയില്‍ പോയാലും ജനത്തിന് നീതികിട്ടൂ. അങ്ങനയൊരു കരാറു തന്നെയില്ല. ഞങ്ങളു ചക്രം മുടക്കി പണിതുയര്‍ത്തിയ കോളേജില്‍ മെറിറ്റില്‍ കയറിയെന്നും പറഞ്ഞ് കണ്ട ചെമ്മാനും ചെരിപ്പു കുത്തിയും കേറി വന്നാലുണ്ടല്ലോ.... @*^/# എന്നായി കച്ചോടക്കാരുടെ ഭാവം.
ഇപ്പോഴും കിടക്കുന്നുണ്ട് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. നായക്ക് പൊതിക്കാത്ത തേങ്ങകിട്ടിയ പോലെ....
വൈദ്യം: പൊതുജനാരോഗ്യമേഖല ഏറ്റവും ശക്തമായ സംസ്ഥാനമായിരുന്നു നമ്മുടേത്. ഒരു പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി, അല്ലെങ്കില്‍ ഒരു ഡിസ്പെന്‍സറി. പരമാവധി സൊജന്യ ചികിത്സ. ജില്ലാ ആശുപത്രിയും കൈവിടുന്ന വലിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ്. പിന്നെ എവിടുന്നാണ് ഈ കഴുത്തറപ്പന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംസ്കാരം നമ്മുടെ സമൂഹത്തില്‍ വ്യാപകമായത്. കുടുംബത്തിലെ ഒരാള്‍ക്ക് രോഗം വന്നാല്‍ കിടപ്പാടം പോലും വിറ്റു തുലച്ച് ദരിദ്രാനാരായണന്‍ മാരാവേണ്ട അവസ്ഥ വന്നു ചേര്‍ന്നത്. ആരോഗ്യരംഗത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ബഹുരാഷ്ട്ര മരുന്നു കന്പനികള്‍ക്കും പറുദീസയായി ഈ കേരളത്തെ മാറ്റിയെടുത്തത് ആരാണ്....? അന്വേഷിക്കുവിന്‍, കണ്ടെത്തും... മുട്ടുവിന്‍ തുറക്കപ്പെടും...
ഇതാ ചില പത്രവാര്‍ത്തകള്‍. ഇത്രയും അഴിമതി ആരോപണങ്ങളുള്ള ഒരാളും കേരളത്തിലില്ല. സാക്ഷാല്‍ ബാലകൃഷ്ണപ്പിള്ള വരെ.. എന്നിട്ടും സത്യമെന്ന മാലാഖയുടെ
ചിറകുകള്‍ വെട്ടി അന്തോണി എന്ന തിരുശരീരത്തില്‍ ഹിറ്റ് ചെയ്ത് വിശുദ്ധനാക്കുന്നത് ആരാണ്... ഏതു പത്രമുത്തശ്ശിയാണ്..."ചിക്കമംഗലൂരില്‍ കോണ്‍ഗ്രസ് ഇന്ദിര ഗാന്ധിക്ക് പിന്തുണ നല്‍കിയ തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആന്റണി അന്ന് മുഖ്യമന്ത്രസ്ഥാനം രാജിവെച്ചു. നാലഞ്ചു മാസങ്ങള്‍ക്ക് ശേഷംഅതെ ആന്റണി പിന്നീട് ഇന്ദിര ഗാന്ധിയുടെ പിന്നില്‍ അഭയം തേടുന്നതാണ് കണ്ടത്."
"പഞ്ചസാര കുംഭംകാണത്തിന്റെ പേരില്‍ പാര്‍ലമെന്റ് പേര് പരാമര്‍ശിച്ചു എന്ന് പറഞ്ഞ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ച ആന്റണി പിന്നീട് പ്രത്യേക വിമാനം പിടിച്ച് കേരളത്തിലെത്തി മുഖ്യമന്ത്രി ആകുന്നതാണ് കണ്ടതെന്ന് വിഎസ് ചൂണ്ടിക്കാട്ടി."
"വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രി ആന്റണിയായിരുന്നെന്നും നിബന്ധനകള്‍ ആയശേഷമാണ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു."
"ലാവലിന്‍ കേസില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന എകെ ആന്റണിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കേസില്‍ ഏഴാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി.
ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ലാവലിന്‍ കമ്പനിയുമായി ധാരണാപത്രം ഉണ്ടാക്കിയത്. ആദ്യമായി ഒപ്പിട്ട ധാരണപത്രമനുസരിച്ചാണ് ലാവലിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിയ്‌ക്കപ്പെട്ടത്. ഇക്കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുക മാത്രമായിരുന്നു പിന്നീടുള്ള ഭരണകര്‍ത്താക്കളെല്ലാം ചെയ്‌തത്.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൂടെ പിണറായി നടത്തിയ കാനഡ യാത്ര പോലും കാര്‍ത്തികേയന്‍ തുടങ്ങി വച്ച നടപടികളുടെ തുടര്‍ച്ച മാത്രമായിരുന്നു. എംഒയു ലാപ്‌സായതും ആന്റണിയുടെ കാലത്താണ് ഇക്കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് ആന്റണി. അതുകൊണ്ട് അദ്ദേഹത്തെ സിബിഐ വിശദമായി ചോദ്യം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം."
ഇസ്രയേല്‍ ആയുധ ഇടപപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും പ്രതിരോധമന്ത്രിയുമായ എകെ ആന്റണിക്കെതിരായ പൊതു താല്‍പര്യഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
"തിരുവനന്തപുരം ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കോടതി നേരിട്ട് ഇടപെടണോ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമോയെന്ന കാര്യങ്ങള്‍ കേസ് വീണ്ടും പരിഗണിയ്ക്കുന്ന മെയ് 16ന് തീരുമാനിയ്ക്കും. 2009 ഫെബ്രുവരി 27ന് ഇസ്രായേല്‍ എയറോ സ്പേസ് കന്പനിയുമായി ഒപ്പിട്ട കരാറില്‍ 900 കോടി രൂപ സര്‍വീസ് ചാര്‍ജ്ജ് നല്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കരാറില്‍ വെട്ടിപ്പും വിശ്വാസ വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ മലയിന്‍കീഴ് അജിത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി സ്വീകരിച്ചത്."
"ഇസ്രയേലുമായുള്ള ആയുധ കരാറിലെ അഴിമതി അന്വേഷിക്കേണ്ടത് തന്നെയാണ്. 600 കോടി രൂപ ബിസിനസ് ചാര്‍ജ്ജായി നല്കിയെന്ന് മാത്രമല്ല അഴിമതി. ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ ഈ കന്പനിയെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന കന്പനിയുമായി 10,000 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത് ദുരൂഹമാണ്."
"ആന്റണി കൂടെ അംഗമായ കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഴിമതിയുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കും. രാജ വക ൨ ജി സ്പെക്റ്റ്രം 175000 കോടി രൂപ. മന്‍മോഹന്‍ സിംഗ് വക 2 ജി സ്പെക്റ്റ്രം 200000 കോടി കോടി രൂപ. ഇവ കൂടാതെ കോമണ്‍ വെല്‍ത്തും ആന്റണിയുടെ സ്വന്തം ആദര്‍ശ് ഫ്ളാറ്റും.
മറ്റെല്ലാം മറ്റ് മന്ത്രിമാരുടെ എന്നു പറഞ്ഞ് മാറ്റിവച്ചാലും ആദര്‍ശ് ഫ്ളാറ്റ് ആന്റണിയുടെ വകയാണ്. വീരചരമമടഞ്ഞ ജവാന്‍മാരുടെ ബന്ധുക്കള്‍ക്ക് എന്നപേരില്‍ ആന്റണിയുടെ പ്രതിരോധ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പണുത ഫ്ളാറ്റുകള്‍ രാഷ്ട്രീയക്കാര്‍ വീതിച്ചെടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആന്റണിക്ക് ഒഴിഞ്ഞു മാറാനാവില്ല."