2012 മാർച്ച് 20, ചൊവ്വാഴ്ച

പത്രവിതരണക്കാര്‍ സമരം ചെയ്യുന്പോള്‍?



ഇന്ന് പത്രം മടങ്ങി. നേരം പുലരുന്പോള്‍ ഒരു കപ്പു ചായയോടൊപ്പം പത്രവാര്‍ത്തയും മൊത്തിക്കുടിക്കുന്നത് ഭൂരിപക്ഷം മലയാളികളുടേയും ശീലമാണ്. 

സ്വാഭാവികമായും പൊതുജനത്തിന് അരിശം തോന്നുക പത്രവിതരണക്കാരനോടുതന്നെ. കാരണം പത്രത്തിന്‍റെ പ്രതിനിധിയായി നമ്മുടെ വീടുകളിലെത്തുന്നത് പത്ര വിതരണക്കാരനാണല്ലോ? അച്ചായനേയും വീരനേയും പറയാന്‍ നാവില്‍ വന്ന തെറി മുഴുവന്‍ പത്രവിതരണക്കാരനോട് പറഞ്ഞിട്ടാണല്ലോ നാം സാധാരണ അരിശം തീര്‍ക്കുക. യഥാര്‍ത്ഥത്തില്‍ ഇവരെ കുത്തക പത്രങ്ങള്‍ തൊഴിലാളികളായിപ്പോലും അംഗീകരിച്ചിട്ടുണ്ടോ? കര്‍ക്കിടകത്തിലെ പെരുമഴയത്തും മകരത്തിലെ മരം കോച്ചുന്ന തണുപ്പിലും അതിരാവിലെ ഓണവും വിഷുവും  ആണ്ടറുതികളുമില്ലാതെ മുടങ്ങാതെ പത്രം വിതരണം ചെയ്യുന്നവരാണ് പത്ര വിതരണക്കാര്‍. ഈ ജോലിക്കാരില്‍ ഒരിക്കലെങ്കിലും പട്ടി കടി കൊള്ളാത്തവര്‍ വിരളമാണ്. ബാലവേലയെക്കുറിച്ച് നെടു നെ ടുങ്കന്‍ ലേഖനങ്ങള്‍ പടച്ചുവിട്ട് വായനക്കാരെ കിടിലം കൊള്ളിക്കാറുള്ള പത്രങ്ങളുടെ വിതരണ രംഗത്താണ് ബാലവേല കൊടികുത്തിവാഴുന്നതെന്ന് അരമന രഹസ്യമല്ല. ഒരു പത്രവിതരണത്തൊഴിലാളിക്ക് ലഭിക്കുന്നത് 600-700 രൂപ പ്രതിമാസ ശന്പളമാണ്. മനുഷ്യാവകാശ സംഘടനകളൊന്നും ഇവരെക്കുറിച്ച് എവിടെയും പറഞ്ഞതായി അറിവില്ല.  പത്ര വിതരണത്തെ ഒരു തൊഴിലായി അംഗീകരിക്കാനോ, 

എന്തിന് ഇവരെ മനുഷ്യരായി അംഗീകരിക്കാനോ കേളികെട്ട പത്ര മുതലാളിമാര്‍ തയ്യാറല്ല. മുതലാളിമാരുടെ കാര്യസ്ഥന്‍മാരോട് സംസാരിക്കാന്‍ പോലുമുള്ള അവകാശം ഇവര്‍ക്കില്ല. 
വിരലിലെണ്ണാവുന്ന കോപ്പികളില്‍ നിന്ന് ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിക്കുന്ന മാധ്യമ ഭീമന്‍മാരായി ഈ പത്രങ്ങള്‍ വളര്‍ന്നത് ദൈവകടാക്ഷം കൊണ്ടല്ല. ചോരയും നീരും അദ്ധ്വാനവും ചിലവഴിച്ച് കാടും മേടും കേറി കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും ഈ പത്രങ്ങള്‍ക്ക് വരിക്കാരെ ചേര്‍ക്കുകയും അവധിനാളുക ള്‍പോലുമില്ലാതെ പത്രം വിതരണം ചെയ്യുന്ന തൊഴിലാളികളുടെ പ്രവര്‍ത്തന ഫലമായാണ്. ആയിരക്കണക്കി ന് കോടികളുടെ കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ഈ തൊഴിലാളികളുടെ വിയര്‍പ്പാണ്. 

പത്രത്തൊഴിലാളികളില്‍ നിന്ന് ഒരു പത്രത്തിന് 2 മാസത്തെ അഡ്വാന്‍സ് തുകയായി 250 രൂപ കൈപ്പറ്റി യിട്ടാണ് ബഹുമാന്യ പത്രങ്ങള്‍ ഏജന്‍റിനു കൊടുക്കുന്നത്. കേരളത്തിലെ പത്ര മുത്തശ്ശിക്കുമാത്രം ഏതാണ്ട് 17 ലക്ഷത്തിലധികം വരിക്കാരുണ്ടെന്നാണ് അവരുടെ ഔദ്യോഗിക കണക്ക്. ഒന്നാലോചിച്ചു നോക്കൂ. 17 ലക്ഷം x 250.00 രൂപ. ഓരോ രണ്ടു മാസത്തിലും പത്രഭീമന്‍മാര്‍ അഡ്വാന്‍സായി കൈപ്പറ്റുന്നത് 425000000  രൂപ. പ്രതിവര്‍ഷം 425000000 x 6 = 2550000000 രൂപ. ഒരു പത്രം പോലും വില്‍ക്കാതെ ഈ പണം ഏതെങ്കിലും പൊതുമേഖലാ  ബാങ്കില്‍ നിക്ഷേപിച്ചാല്‍ 8 ശതമാനം പലിശ നിരക്കില്‍ കിട്ടുന്ന തുക 204000000 രൂപ. 

തൊഴിലാളികളായിപ്പോലും അംഗീകരിക്കാന്‍ തയ്യാറാവാത്ത പത്ര ഏജന്‍റുമാരില്‍ നിന്ന് മാധ്യമ ഭീമന്‍മാര്‍ കൈക്കലാക്കുന്നത് കോടികളാണെന്നാണ് വ്സ്തവം. 
പേപ്പറുകളുടെ എണ്ണം കൂടിയപ്പോഴും വാരാന്ത്യപ്പതിപ്പും ഉത്സവസപ്ലിമെന്‍റുകളും വന്നപ്പോള്‍ ജോലിഭാരം ഇരട്ടിയാവുകയാണ് ചെയ്തത്. ഇതിന് ആനുപാതികമായി  ഏജന്‍റുമാരുടെ കമ്മീഷന്‍ കൂടുകയല്ല ചെയ്തത്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രവിതരണ തൊഴിലാളിക്ക് കമ്മീഷന്‍ 35 ശതമാനം. വര്‍ഷങ്ങള്‍ കഴിയുന്തോറും ശതമാനം കുറയാന്‍ തുടങ്ങി. ഇപ്പോള്‍ 25ലെത്തി നില്‍ക്കുന്നു. രാജ്യം വിലക്കയറ്റം നേരിട്ടുകൊണ്ടിരി ക്കുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് മുതലക്കണ്ണീരൊഴുക്കിയവര്‍ പത്ര വിതരണത്തൊഴിലാളിയുടെ കൂലി വെട്ടിച്ചുരുക്കുന്നു. 35 വര്‍ഷത്തിനുള്ളില്‍ പത്രത്തിന്റെ വില രണ്ടിരട്ടിയായി എന്നാല്‍ കമ്മീഷന്‍ പകുതി യായി. കേരളത്തിലെ എല്ലാ പത്രങ്ങളും ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്റെ കണക്കാണിത്. കമ്മീഷന്‍ 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു.

വാരാന്ത്യ, ആഘോഷ സപ്ലിമെന്റുകള്‍ മുതലാളി ഒന്നായി ഒരുകെട്ടാക്കി ഏജന്റുമാരുടെ തലയില്‍ തള്ളുകയാണ് ചെയ്യാറ്. അത് പെറുക്കിവെച്ച് ദിനപത്രത്തിനുള്ളില്‍ അടുക്കുന്ന ഡ്യൂട്ടി ഏജന്റുമാര്‍ക്കാണ്. എന്നാല്‍ ഇതിന് ആനുപാതികമായി കൂലി ചോദിക്കുമ്പോള്‍ മുതലാളിയുടെ മുഖഭാവം മാറും. അധിക ജോലിക്ക് അധിക കൂലിയില്ല. പത്രങ്ങളുടെ കൂടെ നല്‍കുന്ന സ്‌പെഷ്യല്‍ സ്പ്ലിമെന്റുകള്‍ക്ക് പ്രത്യേകം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് അനുവദിക്കാറില്ല. ലക്ഷങ്ങള്‍ പരസ്യം വാങ്ങിയിറക്കുന്ന ഈ സപ്ലിമെന്റ് വായനക്കാരിലെത്തിച്ചാല്‍ തൊഴിലാളിക്ക് ചെരിപ്പ് വേഗം തേഞ്ഞുകിട്ടും. മുതലാളിക്ക് ലക്ഷങ്ങള്‍ പോക്കറ്റിലുമാകും. പത്രങ്ങളുടെ ഫ്രീ കോപ്പികള്‍ക്കും സ്‌കീം കോപ്പികള്‍ക്കും മുഴുവന്‍ കമ്മീഷനും നല്‍കാനും ഉടമകള്‍ തയ്യാറല്ല. എന്തെങ്കിലും കാരണവശാല്‍ കമ്പനി തടഞ്ഞുവെക്കുന്ന പത്രം പിന്നീട് അയക്കുക, അതിന് ബില്ലിടുക, ഏജന്റുമാര്‍ മുന്‍കൂട്ടി ആവശ്യപ്പെടാതെ പത്രങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ അയച്ചുകൊടുക്കുക ഇതൊക്കെയാണ് മുതലാളിയുടെ ലീലാവിലാസങ്ങള്‍. 

സഹകുത്തകകളുടെ ആസനസേവയ്ക്കും പെയ്ഡ്ന്യൂസിനും പിന്നെ കോടികളുടെ പരസ്യങ്ങളും വഴി കുത്തകകള്‍ക്ക് കിട്ടുന്ന കോടികളുടെ വരുമാനം വേറെ. 

വിലക്കയറ്റം വാണം പോലെ കുതിച്ചുയരുകയും ജീവിതച്ചെലവ് ഇരട്ടിയാവുകയും ചെയ്യുന്പോള്‍ തങ്ങളുടെ വരുമാനത്തിന് നാണയത്തുട്ടുകളുടെ എങ്കിലും വര്‍ദ്ധനവുണ്ടാകേണ്ടത് പത്രവിതരണക്കാരനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. അത് കുറേ തൊഴിലാളി കുടുംബങ്ങളില്‍ ഒരു നേരത്തെ അന്നം കൂടുതല്‍ കഴിക്കാനാവും. പത്രമുതലാളിയ്ക്ക് കാര്യമായ നഷ്ടമൊന്നുമില്ല. എന്നിട്ടും ഈ സമരത്തെ അടിച്ചമര്‍ത്താന്‍ കഥകള്‍മെനയുന്നത് പഴയ നാട്ടുമാടന്പികളായി പത്രമുതലാളിമാര്‍ മാറുന്നതിന്‍റെ നേര്‍ ദൃശ്യമാണ്. ആഗോളവത്കരണത്തിനും തൊഴിലാളി ദ്രോഹനയങ്ങള്‍ക്കും സ്തുതിപാടുന്ന പത്ര മുതലാളിമാര്‍ താഴേത്തട്ടിലെ സാധാരണക്കാരന്‍റെ ജീവിതവൈഷമ്യങ്ങള്‍ അവഗണിയ്ക്കുന്നത് സ്വാഭാവികമാണ്. പക്ഷേ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു ജനാധിപത്യ സമൂഹത്തിന് ഈ വക മാടന്പിത്തം അംഗീകരിച്ചു കൊടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്..... 

1 അഭിപ്രായം:

FEEDJIT Live Page Popularity